തിരുവനന്തപുരം മൃ​ഗശാലയിൽ പുതിയ അതിഥികൾ; കർണാടകയിൽ സിംഹവും അനാക്കോണ്ടയും കുറുനരിയും എത്തി

  1. Home
  2. Kerala

തിരുവനന്തപുരം മൃ​ഗശാലയിൽ പുതിയ അതിഥികൾ; കർണാടകയിൽ സിംഹവും അനാക്കോണ്ടയും കുറുനരിയും എത്തി

Thiruvananthapuram Zoo


തലസ്ഥാനത്തെ മൃഗശാലയിലെത്തുന്ന കാഴ്ചക്കാർക്കായി പുതുവർഷത്തിൽ കൂടുതൽ മൃഗങ്ങളെ പ്രദർശിപ്പിച്ചു തുടങ്ങി. കർണാടകയിലെ ശിവമോഗ സുവോളജിക്കൽ പാർക്കിൽ നിന്ന് അനിമൽ എക്സ്ചേഞ്ച് വഴി എത്തിച്ച ഒമ്പത് മൃഗങ്ങളെയാണ് ക്വാറന്‍റൈൻ പൂർത്തിയായതോടെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്. മൂന്നു കഴുതപ്പുലികൾ, രണ്ടു കുറുനരികൾ, രണ്ട് മാർഷ് മുതലകൾ, രണ്ടു മരപ്പട്ടികൾ എന്നിവയാണ് ശിവമോഗയിൽ നിന്നും കഴിഞ്ഞ നവംബർ മാസത്തിൽ മൃഗശാലെത്തിച്ചത്. 

21 ദിവസത്തെ ക്വാറന്‍റൈനും മറ്റ് അനുബന്ധ ചികിത്സകളും പൂർത്തിയായതോടെ കഴുതപ്പുലികളെയും മരപ്പട്ടികളെയും കാണുന്നതിനായി അതത് കൂടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മുതലകളുടെയും കുറുനരികളുടെയും കൂടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് അവയെ പ്രദർശനത്തിനുള്ള കൂടുകളിലേക്ക് മാറ്റുമെന്ന് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു.ആരോഗ്യ പരിശോധനകൾക്ക് ശേഷം മൃഗങ്ങളെ കൂടുകളിലേക്കെത്തിക്കും. നിലവിൽ ഇവയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നതിനാൽ ഒരാഴ്ചയോടെ പുതിയ മൃഗങ്ങളെ പൂർണമായി പ്രദർശിപ്പിക്കാനാകുമെന്നാണ് മൃഗശാല അധികൃതരുടെ പ്രതീക്ഷ. 

പുതിയ മൃഗങ്ങൾ കൂടിയെത്തിയതോടെ ലാർജ് സൂ ഗണത്തിൽപ്പെടുന്ന മൃഗശാലയിലെ ജീവികളുടെ എണ്ണം 94 ആയി. ശിവമോഗയിലെ സുവോളജിക്കൽ പാർക്കിലേക്ക് നാല് റിയ പക്ഷികൾ, ആറ് സൺ കോണ്വർ തത്തകൾ, രണ്ടു മീൻ മുതലകൾ, ഒരു കഴുതപ്പുലി, നാല് മുള്ളൻ പന്നികൾ എന്നിവയെ നൽകിയാണ് പകരം പുതിയ മൃഗങ്ങളെ എത്തിച്ചത്. കൂടാതെ അനാക്കോണ്ട ഉൾപ്പെടെയുള്ള കൂടുതൽ മൃഗങ്ങളെ വരും മാസങ്ങളിൽ തന്നെ എത്തിക്കാനുള്ള നടപടികളിലാണ് അധികൃതർ. ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് ഒരു സിംഹം, രണ്ടു ചെന്നായ്ക്കൾ, രണ്ടു വെള്ള മയിലുകൾ, ആറ് മഞ്ഞ അനാക്കോണ്ട എന്നിവയാണ് അടുത്ത ഘട്ടത്തിൽ എത്തുന്നത്. ഇവയ്ക്ക് പകരം മൂങ്ങ, റിയ പക്ഷികൾ എന്നിവയെ ആണ് നൽകുന്നത്.