നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്: എംഎസ്എം കോളേജിന് ഗുരുതര വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്‌

  1. Home
  2. Kerala

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്: എംഎസ്എം കോളേജിന് ഗുരുതര വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്‌

Nikhil


എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എംഎസ്എം കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തൽ. നിഖിലിൻ്റെ പ്രവേശനം നടന്നത് ചട്ടവിരുദ്ധമായാണെന്നാണ് സർവകലാശാല അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനും വകുപ്പ് മേധാവിക്കുമെതിരെ അച്ചടക്ക നടപടിയെടുക്കാൻ കേരള സർവകലാശാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

കോളേജിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് കേരള സർവകലാശാല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊമേഴ്സ് വകുപ്പിന് ഗുരുതരവീഴ്ച സംഭവിച്ചെന്നായിരുന്നു സർവകലാശാലയുടെ കണ്ടെത്തൽ. രേഖകളിൽ വ്യക്തതയില്ല എന്ന് കണ്ടെത്തിയ സർവകലാശാല, ഇക്കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കോളേജ് അധികൃതർ സർവകലാശാലയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തതയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 2017 - 20 കാലഘട്ടത്തിൽ നിഖിൽ തോമസ് കോളേജിൽ പഠിച്ചതിന്റെയും പരീക്ഷയെഴുതിയതിന്റെയോ വിശദാംശങ്ങൾ സൂക്ഷിച്ചില്ല. പഠിച്ച് പരാജയപ്പെട്ടയാൾ എം കോമിന് അഡ്മിഷൻ തേടി വരുമ്പോൾ വിശദാംശങ്ങൾ പരിശോധിക്കേണ്ടതായിരുന്നെന്നുള്ള നിഗമനത്തിലാണ് സർവകലാശാല എത്തിയത്.

കായംകുളം എം.എസ്.എം കോളേജിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോം പ്രവേശനം നേടിയെന്ന പരാതിയിൽ കഴിഞ്ഞ മാസമാണ് മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റ് ആരോപണം വലിയ വിവാദമായതോടെ ഒളിവിൽപ്പോയ നിഖിലിനെ കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്കുള്ള യാത്രമധ്യേയാണ് പിടികൂടിയത്.