നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പി.വി. അൻവർ നാമനിർദ്ദേശ പത്രികസമർപ്പിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളി എന്നിവർക്കൊപ്പം എത്തിയാണ് അൻവർ നാമനിർദേശിക പത്രിക സമർപ്പിച്ചത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്.
പുതിയ മുന്നണി രൂപീകരിക്കുന്നതായി പി വി അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനം.
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരാണധികാരിയായ നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെയാണ് സ്വരാജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി, പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്‌മാൻ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. എൽഡിഎഫ് പ്രവർത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമർപ്പണം.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് ഇന്ന് നാമ നിർദേശപത്രിക സമർപ്പിക്കും. കഴിഞ്ഞ ദിവസം യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.