ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ഡോക്ടർമാർക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം
പാലക്കാട് പല്ലശ്ശനയിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ പോലീസിൽ പരാതി നൽകി കുടുംബം. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്നും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടാകുന്നവരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചു.
സെപ്റ്റംബർ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെൺകുട്ടിക്ക് പരിക്കേൽക്കുന്നത്. ഉടൻ മാതാപിതാക്കൾ കുട്ടിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നൽകി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. എന്നാൽ പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയും. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് പെൺകുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റിയത്. മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം
