കോഴിക്കോട്ട് വീണ്ടും നിപ: യുവാവ് ഐസൊലേഷനിൽ, മെഡിക്കൽ കോളജിൽ കൺട്രോൾ റൂമും നിയന്ത്രണങ്ങളും
കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43-കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് പോകുന്നത്. വിദഗ്ധ പരിശോധനയ്ക്കായി സാംപിളുകൾ പൂനെ എൻ.ഐ.വി-യിലേക്ക് അയച്ചിട്ടുണ്ട്. കടുത്ത പനിയെ തുടർന്ന് ഒരാഴ്ച മുൻപാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗിയുടെ റൂട്ട് മാപ്പും സമ്പര്‍ക്കപ്പട്ടികയും ആരോഗ്യവകുപ്പ് ഇന്ന് തയ്യാറാക്കും. രോഗിയുമായി അടുത്തിടപഴകിയവരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
നിപ വാർഡിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്.ഡി.എസ് ബ്ലോക്കിലേക്കുള്ള വഴി അടയ്ക്കുകയും വാർഡിന്റെ പരിസരത്ത് പാർക്കിങ് പൂർണ്ണമായി നിരോധിക്കുകയും ചെയ്തു. ആശങ്ക ഒഴിവാക്കാൻ ഡിസ്ചാർജ്ജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയുടെ പ്രധാന ഗേറ്റ് തന്നെ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
