നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ദലിത് സംഘടനകളുടെ ഹർത്താൽ തുടരുന്നു; പലയിടത്തും വാഹനങ്ങൾ തടഞ്ഞു
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടരുന്നു. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 52 ദലിത് സംഘടനകൾ ചേർന്ന് നടത്തുന്ന ഹർത്താൽ രാവിലെ 6 മണിയോടെയാണ് ആരംഭിച്ചത്. വൈകുന്നേരം 6 മണി വരെയാണ് പ്രതിഷേധം. ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും, വിവിധയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളും ബസുകളും തടയുന്ന സാഹചര്യം ഉണ്ടായി. തിരുവനന്തപുരം തമ്പാനൂർ, എറണാകുളം, കണ്ണൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. ഇതേത്തുടർന്ന് പലയിടങ്ങളിലും പോലീസും സമരക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. വാഹനങ്ങൾ തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചിലയിടങ്ങളിൽ സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ പ്രധാനമായും ഉന്നയിക്കുന്നത്. നിതിൻ രാജിന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ നിലപാട്.
