നിതിൻ രാജിന്റെ മരണം: നീതി തേടി സംസ്ഥാനത്ത് നാളെ ദലിത് സംഘടനകളുടെ ഹർത്താൽ

  1. Home
  2. Kerala

നിതിൻ രാജിന്റെ മരണം: നീതി തേടി സംസ്ഥാനത്ത് നാളെ ദലിത് സംഘടനകളുടെ ഹർത്താൽ

nitin raj


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും 52 ഓളം വരുന്ന ദലിത്-ആദിവാസി സംഘടനകളും ചേർന്നാണ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ നടക്കുക. പാൽ, പത്രം, ആശുപത്രികൾ തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു.

അതേസമയം, കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രോഹിത് വെമുല നിയമം നടപ്പാക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാരെ ഇന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അധ്യാപകർക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായാണ് ദലിത് സംഘടനകൾ ഇപ്പോൾ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.