നിതിൻ രാജിന്റെ മരണം: ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു; കളക്ടറും എസ്‌പിയും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  1. Home
  2. Kerala

നിതിൻ രാജിന്റെ മരണം: ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു; കളക്ടറും എസ്‌പിയും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

nitin raj


അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കിക്കൊണ്ട് 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്റെ കർശന നിർദ്ദേശം.

സാമൂഹിക പ്രവർത്തകനായ വിപിൻ കൃഷ്ണൻ നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജിനെ കഴിഞ്ഞ ഏപ്രിൽ 11-നാണ് ഡെന്റൽ കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു നിതിൻ.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ, കോളേജിലെ അധ്യാപകരിൽ നിന്ന് നിതിൻ കടുത്ത മാനസിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകരായ ഡോ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടലോടെ കേസിൽ തുടരന്വേഷണം ഊർജിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.