നിതിൻ രാജിന്റെ മരണം: പ്രിൻസിപ്പലും അധ്യാപികയും പ്രതിപ്പട്ടികയിൽ
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരൻ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നിതിൻ രാജിന്റെ ഫോൺ ഇരുവരും വാങ്ങിവെച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ വിനോദ് മോണിയും ലത ശശിധരനും തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കേസിൽ ഡോ. എം. റാം ഒന്നാം പ്രതിയും കോളേജിലെ അധ്യാപിക സംഗീത നമ്പ്യാർ രണ്ടാം പ്രതിയുമാണ്.കേസിൽ അറസ്റ്റിലായ ഡോ. എം. റാമിന് സെപ്റ്റംബർ ഒൻപതിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ പ്രവേശിക്കരുത്, വിദ്യാർത്ഥികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ജാമ്യം.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഡോ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ബന്ധുക്കള്‍ പ്രധാനമായും ആരോപണം ഉന്നയിച്ചത്. പ്രതിഷേധം ശക്തമായതോടെ ഡോ. റാമിനെയും ഡോ. സംഗീതയേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
