നിതിൻ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

  1. Home
  2. Kerala

നിതിൻ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

dr sangeetha nambiar


അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (നാല്) നേരത്തെ ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് ഇവർ അന്വേഷണസംഘത്തിന് മുന്നിലെത്തിയത്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഒന്നാം പ്രതി ഡോ. എം.കെ. റാം, രണ്ടാം പ്രതി ഡോ. സംഗീത എന്നിവർ ഒളിവിൽ കഴിയുകയായിരുന്നു.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോളേജിലെ മാനസിക പീഡനത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ പരാതികൾക്കിടെയാണ് ഈ കേസിൽ നിയമനടപടികൾ പുരോഗമിക്കുന്നത്.