രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നടപടിയില്ല; നീതി തേടി അതിജീവിതയുടെ ഭർത്താവ് രംഗത്ത്
താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് അതിജീവിതയുടെ ഭർത്താവ്. എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും യാതൊരു തുടർനടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിയാണ് യുവാവ് താൻ നേരിടുന്ന അനീതി വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നൽകിയ പരാതിയിൽ ഇതുവരെ മറുപടി പോലും ലഭിച്ചിട്ടില്ലെന്നും ഇത് എന്തുകൊണ്ടാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയിലെ ഒരംഗം തന്നെ ഇത്തരത്തിൽ അന്തസ്സില്ലാത്ത പ്രവൃത്തി ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് യുവാവ് പറഞ്ഞു. വിവാഹിതയാണെന്നറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും തന്റെ കുടുംബജീവിതം തകർത്തുവെന്നുമാണ് പരാതിയിലെ ആരോപണം. ജോലി ആവശ്യത്തിനായി ഭാര്യ ഒറ്റയ്ക്ക് താമസിച്ചിരുന്ന സാഹചര്യം മുതലെടുത്ത് വശീകരിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും തെറ്റ് ബോധ്യമായാൽ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെയും ഭാര്യയെയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് ഇടപെട്ടതെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പ്രശ്നം പരിഹരിക്കാനാണെങ്കിൽ തന്നെക്കൂടി വിളിച്ചിരുത്തി സംസാരിക്കേണ്ടതായിരുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി. ഒരു എം.എൽ.എ എന്ന നിലയിൽ എന്ത് സന്ദേശമാണ് അദ്ദേഹം നൽകുന്നതെന്നും ഇദ്ദേഹത്തിന് പ്രത്യേക പരിഗണനയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനം കോൺഗ്രസ് രാജിവെപ്പിക്കണമെന്നും, പുറത്തുപറയാൻ മടിക്കുന്ന അനേകം പേർക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
