ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ല; എം. സ്വരാജ്
ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ വിശദീകരണവുമായി റെസിഡന്റ് എഡിറ്റർ എം. സ്വരാജ്. വിവാദത്തിനാധാരമായ ലേഖനം ദേശാഭിമാനിയിൽ വന്നിട്ടില്ലെന്ന് സ്വരാജ് ആവർത്തിച്ചു. ലേഖനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ അദ്ദേഹം, പത്രത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തെയും ഡെസ്ക് തീരുമാനങ്ങളെയും ന്യായീകരിച്ചു.
സാങ്കേതിക കാരണങ്ങളാലാണ് അച്ചടി തടസ്സപ്പെട്ടതെന്ന കാര്യത്തിൽ ഇതിനകം തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് സ്വരാജ് പറഞ്ഞു. പ്രസിദ്ധീകരിക്കാനായി നിരവധി ലേഖനങ്ങൾ വരാറുണ്ടെങ്കിലും ഏതാണ് ഉൾപ്പെടുത്തേണ്ടത് ഏതാണ് ഒഴിവാക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സ്ഥാപനത്തിന്റെ സ്വന്തം രീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടിച്ച പത്രം വിതരണം ചെയ്യാതിരുന്നതല്ല, മറിച്ച് പത്രം അച്ചടിച്ചിട്ടേയില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനി എന്താണ് പ്രസിദ്ധീകരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും തങ്ങൾക്കാവശ്യമായ സംവിധാനം സ്ഥാപനത്തിനുണ്ടെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ സ്ഥാനത്തുനിന്ന് മാറ്റിയെന്ന വാർത്തകളെയും അദ്ദേഹം തള്ളി. അജയനെതിരെ നടപടിയെടുത്തതായി ദേശാഭിമാനിയോ അജയനോ സ്ഥിരീകരിച്ചിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു. അങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും, എന്നാൽ ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള നടപടിയിലേക്ക് സ്ഥാപനം പോയാൽ തന്നെ അതിൽ എന്താണ് തെറ്റെന്നും അത് സ്ഥാപനത്തിന്റെ ആഭ്യന്തര പ്രവർത്തന സ്വാതന്ത്ര്യമാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുള്ള ലക്കത്തിൽ 'കള്ളൻവിജയൻ' എന്ന പേരിൽ ടി.സി. രാജേഷ് എഴുതിയ ഫീച്ചർ ഉൾപ്പെടുത്തിയത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയെ തുടർന്ന് വാരാന്തപ്പതിപ്പ് അച്ചടിക്കുന്നത് നിർത്തിവെച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
