പുതിയ മദ്യനയം വരെ നടപടികൾ പാടില്ല; ലൈസൻസുകൾ നൽകുന്നത് തടഞ്ഞു

  1. Home
  2. Kerala

പുതിയ മദ്യനയം വരെ നടപടികൾ പാടില്ല; ലൈസൻസുകൾ നൽകുന്നത് തടഞ്ഞു

bar


സംസ്ഥാനത്ത് പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ മദ്യനയം രൂപീകരിക്കുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്കും എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ആർ. ജയശങ്കർ ഔദ്യോഗിക നിർദ്ദേശം അയച്ചു.

നവംബർ 3, ഓഗസ്റ്റ് 4 തീയതികളിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നിലവിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ പുതിയ നയം വന്ന ശേഷം ആവശ്യമായ ഭേദഗതികളോടെ വീണ്ടും സമർപ്പിക്കാൻ അപേക്ഷകരോട് ആവശ്യപ്പെടും. നയം പ്രഖ്യാപിക്കുന്നത് വരെ ലൈസൻസുമായി ബന്ധപ്പെട്ട ഒരു നടപടിയും ആരംഭിക്കരുതെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയതിനെത്തുടർന്നാണ് ആർ. ജയശങ്കറിന് കമ്മീഷണറുടെ അധിക ചുമതല നൽകിയത്. മുൻപ് ചില ബാറുകൾക്കും ഹോർട്ടി വൈൻ വിൽപ്പനയ്ക്കും നൽകിയ അനുമതിയിൽ എക്സൈസ് മന്ത്രി എം. ലിജു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ മാസാവസാനത്തോടെ സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.