യോജിപ്പില്ല, നന്ദിയുമില്ല; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ

കോൺഗ്രസിന്റെ അവഗണനയെക്കുറിച്ച് ആഞ്ഞടിച്ച് പി വി അൻവർ രംഗത്ത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകിയിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഒരു നന്ദിവാക്ക് പോലുമുണ്ടായില്ലെന്ന് അൻവർ പറഞ്ഞു. രാവിലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ചപ്പോൾ അദ്ദേഹത്തെ യുഡിഎഫ് പ്രചാരണ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പോലും മിൻഹാജിനെ വിളിച്ച് ആരും നന്ദി പറഞ്ഞില്ല .
വയനാട് ലോക്‌സഭാ ഉപതിഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ നൽകി. പ്രിയങ്ക ഗാന്ധിക്ക് ഏറ്റവുമധികം വോട്ടു വർധിച്ചത് നിലമ്പൂർ മണ്ഡലത്തിലാണ്. സഹകരണ മുന്നണിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞപ്പോൾ താനത് അംഗീകരിച്ചു. എന്നാൽ അത് പൊതുസമൂഹത്തോട് പറഞ്ഞില്ല. പകരം അൻവർ തീരുമാനിക്കട്ടേ എന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്.യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. എന്നാൽ പിന്നീട് ഇതു സംബന്ധിച്ച് ഒരു വിവരവുമില്ല എന്നും അൻവർ പറഞ്ഞു