ആരോപണങ്ങൾക്ക് മറുപടിയില്ല; അപ്രിയ സത്യങ്ങൾ ഇനിയും തുറന്നുപറയും: രാജ്മോഹൻ ഉണ്ണിത്താൻ

  1. Home
  2. Kerala

ആരോപണങ്ങൾക്ക് മറുപടിയില്ല; അപ്രിയ സത്യങ്ങൾ ഇനിയും തുറന്നുപറയും: രാജ്മോഹൻ ഉണ്ണിത്താൻ

RAJMOHAN


തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെയെന്നും അത്തരക്കാർക്ക് മറുപടി നൽകാൻ താൻ തയ്യാറല്ലെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നത് ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും തന്റെ പ്രതികരണങ്ങൾ ആരെയാണ് അലോസരപ്പെടുത്തുന്നതെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ജീവനുള്ള കാലത്തോളം തന്റെ തുറന്നുപറച്ചിലുകൾ തുടരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

ഡിസിസി ഭാരവാഹികൾ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹം നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്മോഹൻ ഉണ്ണിത്താനെതിരെ കഴിഞ്ഞദിവസം കാസർകോട് ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. കെപിസിസി ഭാരവാഹി യോഗത്തിലും ഉണ്ണിത്താന്റെ പരസ്യപ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനമുയർന്നു. സംസ്ഥാന നേതൃത്വത്തിനെതിരായ പരസ്യ നിലപാടുകൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിമർശനത്തിന് യോഗത്തിൽ പിന്തുണയും ലഭിച്ചു.

ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിലും യോഗത്തിൽ വിമർശനമുണ്ടായി. ഭരണമാറ്റം ഉണ്ടായതിന്റെ പ്രതിഫലനം ജനങ്ങൾക്ക് അനുഭവപ്പെടുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. വിഭജനം വൈകിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യോഗത്തിൽ സമ്മതിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് സർക്കാരിനും നേതാക്കളായ അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവർക്കുമെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ ഭിന്നത വീണ്ടും പരസ്യമായിരിക്കുന്നത്.