അജിത് കുമാറിന് ഡിജിപി ചാൻസില്ല; ചുരുക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

  1. Home
  2. Kerala

അജിത് കുമാറിന് ഡിജിപി ചാൻസില്ല; ചുരുക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

MR AJITH KUMAR


കേരളത്തിലെ പുതിയ സംസ്ഥാന പൊലീസ് മേധാവിയ്ക്കുള്ള യുപിഎസ്എസി ചുരുക്കപ്പട്ടികയിൽ നിന്ന് എം.ആർ. അജിത് കുമാറിനെ ഒഴിവാക്കി. നിതിൻ അഗർവാൾ, രവഡ് ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമിനും പട്ടികയിൽ ഇടം ലഭിച്ചില്ല.

ജൂൺ 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. അന്നുതന്നെ പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും. മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുക.നേരത്തെ സംസ്ഥാന സർക്കാർ സാധ്യതാപട്ടിക അയച്ചിരുന്നപ്പോൾ എം ആർ അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതയെയും ഒഴിവാക്കണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വഴങ്ങിയിരുന്നില്ല.

അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം നിരവധി ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് പൂരം കലക്കൽ ആരോപണമായിരുന്നു. സംഭവത്തിൽ അജിത് കുമാറിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുള്ള ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. അന്വേഷണ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എം ആർ അജിത് കുമാറിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു റിപ്പോർട്ട് സർക്കാരിലേക്ക് എത്തിയത്.