'ഷാഫിയുമായി ഗുരു-ശിഷ്യ ബന്ധമൊന്നുമില്ല'; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
താൻ പാർട്ടിക്ക് അകത്തോ പുറത്തോ ഉള്ള ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുലാണെന്ന് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ പേരെടുത്ത് പറയാതെ പരോക്ഷമായി ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ മറുപടി. ഷാഫി പറമ്പിലും താനും തമ്മിൽ സഹോദരസ്നേഹമാണുള്ളതെന്നും ഗുരുശിഷ്യബന്ധമൊന്നുമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. നമുക്ക് ഇഷ്ടമുള്ള ഒരാൾക്ക് പ്രതിസന്ധി വരുമ്പോൾ അയാളെ പ്രതിരോധിച്ചത് താനാകും എന്നൊരു തോന്നൽ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് തന്റെ പൊതുപ്രവർത്തന ജീവിതത്തിലെ പോസിറ്റീവ് വശമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് രാഹുൽ പ്രതികരിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വന്തം പ്രൊഫൈലിലൂടെ തുറന്നുപറയും എന്നതിനപ്പുറം ആരെയും ആക്രമിക്കാൻ സൈബർ സേനയെ വിന്യസിച്ചിട്ടില്ലെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈബറിടത്തിലെ ഒരുപാട് പേരുടെ വ്യത്യസ്ത അഭിപ്രായങ്ങളെ സൈബർ ആക്രമണമെന്ന് വിളിക്കാമെങ്കിൽ അത്തരം ആക്രമണങ്ങൾ തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളിലും രാഹുൽ തന്റെ നിലപാട് വ്യക്തമാക്കി. ഉമ്മൻചാണ്ടി തങ്ങളുടെ ജീവിതത്തിലെ വൈകാരികമായ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മറുപടി നൽകാനുള്ള വലിപ്പം തനിക്ക് അപ്പോഴും ഇപ്പോഴും നാളെയും ഇല്ലെന്നും, ഏതെങ്കിലും കാലത്ത് അത് ആർജിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
