കാമ്പസുകളിൽ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാർഥ്’ ആപ്

  1. Home
  2. Kerala

കാമ്പസുകളിൽ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാർഥ്’ ആപ്

sidharth


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലും ചേർന്ന് പുതിയ സ്റ്റുഡന്റ് വെൽഫെയർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി ജീവൻ പൊലിഞ്ഞ സിദ്ധാർഥന്റെ ഓർമ്മ നിലനിർത്തി 'സിദ്ധാർഥ്' എന്നാണ് ആപ്പിന് നാമകരണം ചെയ്തിരിക്കുന്നത്.

വിദ്യാർഥികൾക്ക് തങ്ങളുടെ ഐഡന്റിറ്റിയും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും രഹസ്യമാക്കി വെച്ചുകൊണ്ട് തന്നെ ഓഡിയോ സന്ദേശങ്ങളിലൂടെ റാഗിങ് പരാതികൾ നേരിട്ട് നൽകാനും അടിയന്തര സുരക്ഷാ സഹായങ്ങൾ തേടാനും ഈ ആപ്പ് വഴി സാധിക്കും. ഇതിനു പുറമെ, ആപ്പിന് കടുപ്പമേറിയ നിയമപരമായ അടിത്തറ നൽകാനും സംസ്ഥാനത്ത് പ്രത്യേക ആന്റി റാഗിങ് കമീഷൻ രൂപവത്കരിക്കാനുമായി ‘സിദ്ധാർഥ് ആന്റി റാഗിങ് ആക്ട്’ കരട് സർക്കാറിന്റെ സജീവ പരിഗണനയിലാണ്.

മൊബൈൽ ആപ്പിന്റെ ഔദ്യോഗിക അവതരണവും, വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനായി കേരളത്തിലുടനീളമുള്ള കോളേജുകളിൽ 300 കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ആവിഷ്കരിക്കുന്ന 'ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ' പദ്ധതിയുടെ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനവും ബുധനാഴ്ച രാവിലെ 11.30-ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ ദാരുണമായ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ, ഇനിയൊരു കുട്ടിക്കും കാമ്പസുകളിൽ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.