മിൽമയുടെ നെയ്യ് ഇനി വേണ്ട; ശബരിമലയിൽ ഇനി പുറത്തുനിന്നുള്ള നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
വരുന്ന മണ്ഡലകാലത്ത് ശബരിമലയിലെ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഭക്തർ നടയ്ക്കെത്തിക്കുന്ന നെയ്യ് മാത്രം അരവണ നിർമാണത്തിനായി ഉപയോഗിക്കാനാണ് തീരുമാനം. ഇത് ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റ് നിലവിൽ ശബരിമലയിൽ സജ്ജമാണ്. മിൽമ നൽകിയ നെയ്യ് വഴിമധ്യേ മറിച്ചുവെച്ച് ഗുണനിലവാരമില്ലാത്ത നെയ്യ് എത്തിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഈ നടപടി.
കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന നെയ്യ് മറ്റ് വിപണികളിലേക്ക് മറിച്ചുവിറ്റ്, പകരം തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാജ നെയ്യ് ശബരിമലയിലെത്തിച്ചു എന്ന പരാതിയിൽ അന്വേഷണം തുടരുകയാണ്. 1,70,000 ലിറ്റർ നെയ്യ് എത്തിക്കാനായിരുന്നു മിൽമയുമായി ബോർഡ് കരാറുണ്ടാക്കിയിരുന്നത്. ഇതിൽ എഴുപതിനായിരത്തോളം ലിറ്റർ നെയ്യ് തട്ടിപ്പ് സംഘം വഴിതിരിച്ചുവിട്ടെന്നാണ് കരുതപ്പെടുന്നത്.
