ഇനി പോസ്റ്റൽ വോട്ടില്ല; സർക്കാർ ജീവനക്കാരുടെ ഹർജി ഹൈക്കോടതി തള്ളി

  1. Home
  2. Kerala

ഇനി പോസ്റ്റൽ വോട്ടില്ല; സർക്കാർ ജീവനക്കാരുടെ ഹർജി ഹൈക്കോടതി തള്ളി

HIGH COURT


നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കണമെന്ന സർക്കാർ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ട് നിഷേധം സംബന്ധിച്ച പരാതികൾ ഉന്നയിക്കേണ്ടത് റിട്ട് ഹർജിയിലൂടെയല്ലെന്നും മറിച്ച് തിരഞ്ഞെടുപ്പ് ഹർജിയിലൂടെയാണെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഏകദേശം 20,000-ഓളം പേർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.ജി.ഒ യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്.

വോട്ടെണ്ണൽ ദിവസം രാവിലെ വരെ വോട്ട് രേഖപ്പെടുത്തി വരണാധികാരിയെ ഏൽപ്പിക്കാൻ അവകാശമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഈ വാദത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി എതിർത്തു. ഹർജിക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കാരണമാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ചിലർ കൃത്യമായി ഫോമുകൾ സമർപ്പിച്ചിട്ടില്ലെന്നും മറ്റൊരാൾ ബാലറ്റ് കൈപ്പറ്റിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

പോസ്റ്റൽ വോട്ടിനായി ഒരുക്കിയ പ്രത്യേക സംവിധാനത്തിലൂടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും വോട്ടെണ്ണൽ ആരംഭിക്കുന്നത് വരെ വോട്ട് ചെയ്യാൻ സർവീസ് വോട്ടർമാർക്ക് മാത്രമേ അവകാശമുള്ളൂ എന്നും കമ്മീഷൻ വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വാദങ്ങൾ അംഗീകരിച്ച കോടതി, ഇനി പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരമില്ലെന്ന് വ്യക്തമാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.