'വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല'; മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സുരേഷ് ഗോപി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥയിലേക്ക് എത്തിച്ചതിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും, ഇപ്പോൾ സർക്കാരിനെ വിമർശിക്കേണ്ട സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന്, കഴിഞ്ഞ 10 വർഷം എന്തൊക്കെ ഉണ്ടായി എന്നതിന്റെ കണക്കുകൂടി പരിശോധിക്കണമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലായിരുന്നെങ്കിലും വൈദ്യുതി ലഭ്യത മെച്ചപ്പെട്ട നിലയിലായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഡിമാൻഡിൽ 150 മെഗാവാട്ടോളം കുറവ് രേഖപ്പെടുത്തിയതും ഗ്രിഡ് ഫ്രീക്വൻസി മെച്ചപ്പെട്ടതും കാരണം പവർ ലഭ്യത ഉറപ്പാക്കാനും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
