ഇന്ന് പുതിയ നിപ കേസുകള്‍ ഇല്ല; ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്ന് ആരോഗ്യമന്ത്രി

  1. Home
  2. Kerala

ഇന്ന് പുതിയ നിപ കേസുകള്‍ ഇല്ല; ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്ന് ആരോഗ്യമന്ത്രി

veena george


കേരളത്തിൽ ഇന്നും പുതിയ നിപ കേസുകള്‍ ഇല്ല. നിലവിൽ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും, കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആകെ 1233 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 23 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ശേഖരിച്ച 36 വവ്വാല്‍ സാമ്പിളുകള്‍ പൂനെ ലാബിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധ ഒരു സോഴ്‌സില്‍ നിന്നു തന്നെയായതിനാല്‍ ആശങ്ക കുറഞ്ഞു. നിയന്ത്രണ വിധേയമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വീടുകള്‍ സന്ദര്‍ശിക്കുന്നത് തുടരുന്നുണ്ടെന്നും പുതിയ കേസുകള്‍ ഇല്ലാത്തത് ആശ്വാസമാണെന്നും മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. 

ഇന്ന് 42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ കേരളത്തിൽ നിപ ആശങ്ക കുറയുകയാണ്. ഇതില്‍ ഹൈറിസ്‌ക് കാറ്റഗറിയിലുള്‍പ്പെട്ട, രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും ഉണ്ടായിരുന്നു.  അവ നെഗറ്റീവ് ആയത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു.