വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ വേണ്ട; കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

  1. Home
  2. Kerala

വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ വേണ്ട; കർശന നടപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

v sivankutty


സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (KER) പ്രകാരം മാർച്ച് അവസാന പ്രവൃത്തിദിവസം മുതൽ മേയ് വരെ കുട്ടികൾക്ക് ലഭിക്കേണ്ട അവധി കൃത്യമായി പാലിക്കപ്പെടണം. ഇത് ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ സ്ട്രീമുകളിലെ വിദ്യാലയങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്.

കഠിനമായ ചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് പോലും സർക്കാർ തൊഴിൽ സമയക്രമം മാറ്റി നിശ്ചയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല. കഠിനമായ ഉഷ്ണതരംഗവും ആരോഗ്യപ്രശ്നങ്ങളും മുന്നിൽക്കണ്ട് കുട്ടികൾക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കേണ്ടതുണ്ട്.

അവധിക്കാല ക്ലാസുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും അവധി ദിനങ്ങളിൽ കുട്ടികളെ പഠനത്തിനായി നിർബന്ധിച്ച് സ്കൂളുകളിൽ എത്തിക്കരുത്. നിർദ്ദേശം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.