കുഴൽപ്പണ സംഘങ്ങളുടെ പേടി സ്വപ്നം കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ

  1. Home
  2. Kerala

കുഴൽപ്പണ സംഘങ്ങളുടെ പേടി സ്വപ്നം കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ

arrest


കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ. കര്‍ണാടക പൊലീസ് തിരയുന്ന പ്രതിയെ തൃശൂർ കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം തോക്കുണ്ടായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളിലും കുഴല്‍പ്പണക്കടത്തിലും പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. കേരളത്തിൽ മാത്രം 33 കേസുകളുണ്ട്. പാലിയേക്കര മുതൽ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ പൊലീസിന് നേരെ നിറ തോക്ക് ചൂണ്ടിയതായും വിവരമുണ്ട്.

കുഴല്‍പ്പണ സംഘങ്ങളെ ഹൈവേയില്‍ കവര്‍ച്ച ചെയ്യുന്നതാണ് ശ്രീധരന്‍റെ രീതി. നാല്പത് കോടിയിലേറെ രൂപ ശ്രീധരനും സംഘങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കുഴല്‍പ്പണ സംഘത്തിനുള്ളില്‍ നുഴഞ്ഞു കയറുന്ന ശ്രീധരന്‍റെ സംഘാംഗങ്ങള്‍ ഒറ്റുകാര്‍ക്ക് നാല്പത് ശതമാനത്തിലേറെ തുക ഓഫര്‍ ചെയ്യും. പണം വരുന്ന വഴി തിരിയുന്നതോടെ പൊലീസ് വേഷത്തിലെത്തിയാണ് കവര്‍ച്ച.

പണം തട്ടിയത് പൊലീസല്ലെന്ന് കുഴല്‍പ്പണ കടത്തുകാര്‍ക്ക് മനസ്സിലാവുമ്പോഴേക്കും ശ്രീധരനും കൂട്ടാളികളും രക്ഷപ്പെട്ടിരിക്കും. സ്ഥിരമായി ഒരിടത്തും തങ്ങാറില്ല. ഇന്‍റര്‍നെറ്റ് വഴിയായിരുന്നു ആശയ വിനിമയമെന്നതും   അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. കര്‍ണാടക പൊലീസ് കേരളത്തില്‍ പലതവണ  തിരഞ്ഞെത്തിയെങ്കിലും  ശ്രീധരന്‍ വഴുതിപ്പോയിരുന്നു.