ഇനി വിജയ് Vs ഉദയനിധി; തമിഴ്നാട് നിയമസഭയിൽ സത്യപ്രതിജ്ഞ പൂർത്തിയായി, പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ

  1. Home
  2. Kerala

ഇനി വിജയ് Vs ഉദയനിധി; തമിഴ്നാട് നിയമസഭയിൽ സത്യപ്രതിജ്ഞ പൂർത്തിയായി, പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ

vijay udayanidhi


തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയമസഭയിൽ പൂർത്തിയായി. തമിഴ്നാട് മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അധികാരമേറ്റ നടൻ വിജയ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടം സ്പീക്കർ കറുപ്പയ്യക്ക് മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനായ വിജയ് പെരമ്പൂർ മണ്ഡലത്തിൽ നിന്നുള്ള അംഗമായാണ് സഭയിലെത്തുന്നത്. അദ്ദേഹം മത്സരിച്ചു വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ നിയമസഭാ അംഗത്വം രാജിവെച്ചതായും അറിയിച്ചു.

അതേസമയം, നിയമസഭയിൽ വിജയ്‌യുടെ പ്രധാന എതിരാളിയായി ഉദയനിധി സ്റ്റാലിൻ എത്തും. ഉദയനിധിയെ പ്രതിപക്ഷ നേതാവായി ഡിഎംകെ നിയമസഭാകക്ഷി യോഗം ഔദ്യോഗികമായി തിരഞ്ഞെടുത്തു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ നിന്ന് വിജയിച്ച ഉദയനിധി സ്റ്റാലിന് ഈ സുപ്രധാന ചുമതല നൽകാൻ പാർട്ടി തീരുമാനിച്ചത്. ചെപ്പോക്കിൽ 7140 വോട്ടുകൾക്കാണ് ടിവികെ സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി. സെൽവത്തെ ഉദയനിധി പരാജയപ്പെടുത്തിയത്. നേരത്തെ സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായിരുന്നു ഉദയനിധി.

അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ മറ്റ് ചെറുകക്ഷികളെ കൂടി ഉൾപ്പെടുത്തിയാണ് ഭരണം ഉറപ്പിച്ചത്. ഡിഎംകെയ്ക്ക് ഇത്തവണ 59 സീറ്റുകൾ നേടാനേ സാധിച്ചിട്ടുള്ളൂ. തമിഴ് തായ് വാഴ്ത്തിന് ശേഷമാണ് സഭയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. എന്നാൽ ചടങ്ങിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത് തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

സഭയിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ തിരഞ്ഞെടുപ്പ് നാളെ നടക്കും. ഷോളവന്ദൻ എംഎൽഎ കറുപ്പയ്യയാണ് നിലവിൽ പ്രോട്ടം സ്പീക്കറായി പ്രവർത്തിക്കുന്നത്. ഡിഎംകെയുടെ തമിഴ്നാട് രാഷ്ട്രീയത്തിലെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ് ഭരണത്തിലേറുമ്പോൾ, സഭയ്ക്കുള്ളിൽ ഉദയനിധിയും വിജയ്‌യും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം വരും ദിവസങ്ങളിൽ ഏറെ ശ്രദ്ധേയമാകും.