ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻ.എസ്.എസ്; പ്രസ് ക്ലബ്ബിലേക്ക് മാറ്റി
എൻ.എസ്.എസുമായുള്ള തർക്കം തുടരുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻ.എസ്.എസ് നേതൃത്വം. തിരുവനന്തപുരം മന്നം ക്ലബ്ബിൽ നടത്താനിരുന്ന പരിപാടിയാണ് തുടർന്ന് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത്.
മന്നം റിസർച്ച് ഫൗണ്ടേഷൻ തയ്യാറാക്കിയ 'ദേവതാരുവിലെ ഇത്തൽകണികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് മന്നം ക്ലബ്ബിൽ സംഘടിപ്പിച്ചിരുന്നത്. നായർ സംരക്ഷണ സമിതി സംഘടിപ്പിച്ച ചടങ്ങ് കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വേദി അനുവദിക്കില്ലെന്ന് എൻ.എസ്.എസ് അറിയിച്ചത്. ഗണേഷ് കുമാർ എത്തിയാൽ പരിപാടി തടയുമെന്നും എൻ.എസ്.എസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുകയും ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ പരസ്യവിമർശനം ഉന്നയിച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്.
