കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം ; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും
കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ച് തൃശൂർ സെഷൻസ് കോടതി. 50,000 രൂപ പിഴയും അടയ്ക്കണം. 2022-ൽ തൃശൂരിൽ നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
തൃശൂരിലെ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം 14, 9 വയസ്സുള്ള കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. സംഭവത്തിൽ കുട്ടികളുടെ മൊഴിയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായക തെളിവുകളായി.
കറുത്ത കാറിലെത്തിയ ഒരാളാണ് അശ്ലീലപ്രദർശനം നടത്തിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളെ പരിചയമുണ്ടെന്നും കുട്ടികൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് കുട്ടികൾ നൽകിയ വിവരങ്ങളും കാറിന്റെ വിശദാംശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവി പിടിയിലായത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവിയെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
