കന്യാകുമാരിയിൽ നഴ്‌സിങ് വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു; അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

  1. Home
  2. Kerala

കന്യാകുമാരിയിൽ നഴ്‌സിങ് വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു; അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ansiji


മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് മരിച്ചത്. കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സിങ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കോളേജിലെ അധ്യാപകരിൽ നിന്നും മാനേജ്‌മെന്റിൽ നിന്നും നേരിട്ട കടുത്ത മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

കോളേജ് ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ മാസങ്ങൾക്ക് മുമ്പ് നടന്ന സമരത്തിൽ അൻസിജി പങ്കെടുത്തതിനെ തുടർന്ന് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷം സ്വകാര്യ ഹോസ്റ്റലിൽ തങ്ങി പഠിക്കുകയായിരുന്ന അൻസിജിയെ അധ്യാപകർ നിരന്തരം വേട്ടയാടിയിരുന്നതായി രക്ഷിതാക്കൾ കരിങ്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകരയിലെയും തുടർന്ന് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം വിദ്യാർഥിനി കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോളേജ് അധികൃതർ അവകാശപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.