കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

കാസർകോട് കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. പാണത്തൂർ സ്വദേശി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അല്പസമയം മുൻപായിരുന്നു മരണം സ്ഥിരീകരിച്ചത്. 2024 ഡിസംബർ 7നാണ് കോളജ് ഹോസ്റ്റലിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡൻ മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞായിരുന്നു വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മൻസൂർ ആശുപത്രി കോളജിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു ചൈതന്യ. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടിയ്ക്ക് ആദ്യഘട്ടത്തിൽ ചികിത്സ നൽകിയിരുന്നത് മംഗലാപുരത്തായിരുന്നു. പിന്നീട് കണ്ണൂർ ആസ്റ്റർ മിംസിൽ രണ്ടാഴ്ചയോളം ചൈതന്യ ചികിത്സയിൽ കഴിഞ്ഞതിന് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില ചില ഘട്ടങ്ങളിൽ മെച്ചപ്പെട്ടൂവെങ്കിൽ കൂടിയും പിന്നീട് വളരെ മോശമായി തുടരുകയായിരുന്നു.
പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ മൊഴി. ചൈതന്യ വയ്യാതെ ആശുപത്രിയിൽ പോയി വന്നശേഷം വാർഡൻ വഴക്കു പറയുകയും ബിപി ഉൾപ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നു.