വ്യാജരേഖയുണ്ടാക്കി മൃഗാശുപത്രിയിൽ ജോലി നേടി; സതിയമ്മക്കെതിരെ പോലീസ് കേസെടുത്തു

പുതുപ്പള്ളിയിലെ മൃഗാശുപത്രിയിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിൽ സതിയമ്മക്കെതിരെ കേസെടുത്തു. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രേഖകൾ അനുസരിച്ച് ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോൾ നൽകിയ പരാതിയിലാണ് നടപടി.
പുതുപ്പള്ളി വെറ്ററിനറി സെന്ററിൽ താൻ ജോലി ചെയ്യുകയോ, ഒപ്പിടുകയോ, വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നാണ് ജിജി മോൾ പരാതിയിൽ പറയുന്നത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവർക്കെതിരെയും കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
ഉമ്മൻചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന് സതിയമ്മയെ ജോലിയിൽ നിന്നും പുറത്താക്കി എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. 13 വർഷമായി വെറ്ററിനറി സെന്ററിൽ സ്വീപ്പറായിരുന്നു സതിയമ്മ.