റേഷൻ വ്യാപാരികളുടെ അടുത്ത് നിന്നും മാസപ്പടി പിരിവ് നടത്തി ഉദ്യോഗസ്ഥരും നേതാക്കളും; വിമർശനം

റേഷൻ വ്യാപാരികളുടെ അടുത്ത് നിന്നും മാസപ്പടി പിരിച്ച് ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും. നേരത്തെ ഏജന്റുമാരാണ് മാസപ്പടി പിരിച്ച് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ റേഷൻ വ്യാപാരികളുടെ അവകാശ സംരക്ഷണ സംഘടനയുടെ ചില നേതാക്കളുടെ സഹായത്തോടെയാണ് പിരിവ് നടത്തുന്നത്.
പൊതുവിതരണ രംഗം അഴിമതി മുക്തമാക്കാനുള്ള സർക്കാർ ശ്രമം ഏതാണ്ട് വിജയിച്ച ഘട്ടത്തിലാണ് വീണ്ടും മാസപ്പിരിവ് നടത്തുന്നത്. വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് മാസപ്പടി നിർബന്ധമാണ്. മറ്റു ചിലർക്ക് 'ഓണപ്പടി' വേണം. വകുപ്പിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ സംഘടനാ നേതാക്കൾ തന്നെ നിർബന്ധിത പണപ്പിരിവ് നടത്തുകയാണ്. ഒരു തട്ടിപ്പും നടത്താത്ത റേഷൻ കട ലൈസൻസികൾ പോലും പണം നൽകാൻ നിർബന്ധിതരാവുന്നുണ്ട്.
മാസം 75 - 100 ക്വിന്റൽ ധാന്യം വിതരണം ചെയ്യുന്നവർക്ക് തരക്കേടില്ലാത്ത വരുമാനം ലഭിക്കുമെങ്കിലും 45 ക്വിന്റലിനു താഴെ നൽകുന്ന കടകളുടെ മാസവരുമാനം 18,000 രൂപയിൽ താഴെയാണ്. ഇത് ഒരു കുടുംബത്തിന്റെ ചെലവിന് പോലും തികയില്ല. എന്നാൽ ഇവരും കൈക്കൂലി നൽകേണ്ട അവസ്ഥയാണ്. സംഘടനയുടെ സമ്മർദം കാരണം പണം നൽകാൻ നിർബന്ധിതയായ മാവേലിക്കരയിലെ വനിതാ ലൈസൻസി തങ്ങളുടെ വിഷമം വാട്സ് ആപ്പിൽ വോയ്സ് മെസേജിലൂടെ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു. ഈ സന്ദേശം കട ഉടമകൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
"സ്റ്റോക്കും മറ്റെല്ലാം കറക്ടാണ്. പിന്നെ ആയിരം രൂപ വച്ച് കൊടുക്കുന്നത് എന്തിനാണ്? ഇവിടെ 45 ക്വിന്റൽ സാധനം പോലും വിൽക്കുന്നില്ല. 26 കാർഡ് എ.എ.വൈ ഉണ്ട്. 13 പേരാണ് വരുന്നത്. മറിക്കുന്നവർക്കെല്ലാം കൊടുക്കാൻ പണം കാണും. കൈക്കൂലി കൊടുക്കാൻ നേതാക്കൾ പറയുകയാണ്. എന്റെ കൈയിൽ പണമില്ല." എന്നാണ് വനിതാ ലൈസൻസിയുടെ സന്ദേശത്തിൽ പറയുന്നത്.
മാസപ്പടി ഇല്ലെങ്കിൽ പിഴമാസപ്പടി നൽകണം. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർ എന്തെങ്കിലും വകുപ്പുണ്ടാക്കി പിഴ ഈടാക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. സ്റ്റോക്കിൽ ഒരു കിലോ അരി കുറഞ്ഞാൽ 500 രൂപയും, അരി വിലയായ 40 രൂപയും നൽകണം. അരിയുടെ കുറവ് അനുസരിച്ച് പിഴത്തുക കൂടും. കടയിൽ തറ വൃത്തിയല്ലെന്ന് പറഞ്ഞ് ആയിരം രൂപ പിഴിയിടാക്കാം. ബോർഡിൽ വിലവിവരം മാഞ്ഞു പോയാലും 500 രൂപ പിഴ ഈടാക്കും. മാസപ്പടി നൽകിയാൽ ഈ പ്രശ്നമൊന്നും ഇല്ല.