'ഉദ്യോഗസ്ഥർ സർക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവർത്തിക്കണം'; എം. ലിജുവിനെ പിന്തുണച്ച് വെള്ളാപ്പള്ളി
എക്‌സൈസ് കമ്മീഷണറെ ചുമതലയിൽ നിന്ന് മാറ്റിയ നടപടിയിൽ എക്‌സൈസ് മന്ത്രി എം. ലിജുവിന് പൂർണ്ണ പിന്തുണയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കിയ അദ്ദേഹം, തുടക്കം മുതൽ എക്‌സൈസ് മന്ത്രിക്കെതിരെ നിലപാട് സ്വീകരിച്ചയാളാണ് മുൻ കമ്മീഷണർ ശ്രീറാം സാംബശിവ റാവുവെന്നും ആരോപിച്ചു.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് ബാറുകൾക്ക് ലൈസൻസ് നൽകിയത് ഗുരുതരമായ വീഴ്ചയാണെന്നും സർക്കാരിന്റെ നയം മനസ്സിലാക്കാതെ എതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നെടുംബാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകിയ സംഭവത്തിൽ എക്‌സൈസ് മന്ത്രി എം. ലിജു പരസ്യമായി വിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റിയത്.
എക്‌സൈസ് കമ്മീഷണറുടെ നടപടികൾ ദുരൂഹവും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതുമാണെന്നും, ബാറുകൾക്ക് അനുമതി നൽകിയ വിഷയം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തുടർന്ന് അഡീഷണൽ എക്‌സൈസ് കമ്മീഷണർക്ക് താത്കാലിക ചുമതല കൈമാറി. പുതിയ എക്‌സൈസ് കമ്മീഷണറായി ഡോ. എസ്. കാർത്തികേയനെ നിയമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് സ്ഥാനമൊഴിഞ്ഞ സാംബശിവ റാവുവിന്റെ വിശദീകരണം.
