ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അടൂർ എംവിഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥനെയാണ് സസ്‌പെൻഡ് ചെയ്തത്.
മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെന്നും നിയമവിരുദ്ധ ലൈറ്റുകൾ ഉപയോഗിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന് 7000 രൂപ പിഴ ചുമത്തിയത്. സംഭവം വിവാദമായതോടെ ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
പിഴ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴത്തുക പിരിച്ചെടുത്ത് വാഹന ഉടമയ്ക്ക് നൽകുകയും തുടർന്ന് പിഴ അടയ്ക്കുകയും ചെയ്തിരുന്നു.
അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥൻ പിടികൂടിയത്. ആറന്‍മുളയിലെ പ്രളയബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വാഹനമായിരുന്നു ഇത്. സ്പെയര്‍പാര്‍ട്സ് വാങ്ങാനാണ് അടൂരിലേക്ക് പോയത് എന്നാണ് വാഹന ഉടമയുടെ വിശദീകരണം.
