വൃദ്ധസദനങ്ങളുടെ പേര് ഇനി 'സ്‌നേഹാലയം'; സർക്കാരും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിറക്കി

  1. Home
  2. Kerala

വൃദ്ധസദനങ്ങളുടെ പേര് ഇനി 'സ്‌നേഹാലയം'; സർക്കാരും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിറക്കി

snehalayam


സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റി സർക്കാർ ഉത്തരവായി. സാമൂഹ്യനീതി വകുപ്പാണ് ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കിയത്. ഇനി മുതൽ വൃദ്ധസദനങ്ങൾ എന്ന പേര് ഉപയോഗിക്കില്ല. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

സ്ഥാപനങ്ങളുടെ എല്ലാ ഔദ്യോഗിക രേഖകളിലും നെയിം ബോർഡുകളിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും 'സ്‌നേഹാലയം' എന്ന് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. 'വൃദ്ധസദനം' എന്ന പേര് പൊതുപ്രയോഗത്തിൽ നിന്ന് ഒഴിവാക്കാൻ ബോധവൽക്കരണം നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

'വൃദ്ധർ' എന്ന പ്രയോഗം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും, പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച ഹർജിയിലാണ് ഈ നടപടി. നേരത്തെ 2024 ഡിസംബർ രണ്ടിന് (ഉത്തരവ് നമ്പർ: 247/2024/SJD) പേര് മാറ്റി ഉത്തരവറിക്കിയിരുന്നെങ്കിലും പലയിടത്തും പഴയ പേര് തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ഇടപെടൽ.