ഒമാനിൽ വാഹനാപകടങ്ങളിൽ 17 ശതമാനം കുറവ്; ബോധവൽക്കരണവും പരിശോധനയും ഫലം കാണുന്നു
ഒമാനിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2024-നെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ കുറവുണ്ടായതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) വ്യക്തമാക്കി. കഴിഞ്ഞ വർഷം ആകെ 1,545 അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതും നൂതനമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതും ഈ പോസിറ്റീവ് മാറ്റത്തിന് പ്രധാന കാരണമായി.
അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ തടയാൻ റോയൽ ഒമാൻ പോലീസ് നടത്തിയ കർശനമായ പരിശോധനകളും ബോധവൽക്കരണ പരിപാടികളും വലിയ രീതിയിൽ ഫലം കണ്ടിട്ടുണ്ട്. അപകടങ്ങളുടെ ആകെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടന്നത് തലസ്ഥാന നഗരമായ മസ്‌കത്തിലാണ്. 271 അപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ സൗത്ത് ബാത്തിന (246), ദാഖിലിയ (240), ദോഫാർ (237) എന്നീ പ്രവിശ്യകളിലാണ് കൂടുതൽ അപകടങ്ങൾ നടന്നത്.
അതേസമയം, രാജ്യത്ത് ഏറ്റവും കുറവ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് മുസന്ദം (26), ദാഹിറ (70) എന്നിവിടങ്ങളിലാണ്. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതിലും ജനങ്ങൾ കാണിക്കുന്ന ജാഗ്രത അപകട നിരക്ക് ഇനിയും കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
