ഇന്ന് തിരുവോണം; ഒത്തുചേരലിന്റെ ദിനം ആഘോഷമാക്കാനൊരുങ്ങി നാടും നഗരവും

  1. Home
  2. Kerala

ഇന്ന് തിരുവോണം; ഒത്തുചേരലിന്റെ ദിനം ആഘോഷമാക്കാനൊരുങ്ങി നാടും നഗരവും

Onam


ഇന്ന് തിരുവോണം. ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഈ ദിവസം. ഗൃഹാതുര സ്മരണകളിലേക്കും, ജനിച്ചു വളര്‍ന്ന സംസ്‌കൃതിയിലേക്കുമുള്ള ഓരോ മലയാളിയുടെയും തിരിച്ചു പോക്കിന്റെ ഉത്സവം കൂടിയാണ് ഓണം.

കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു. മാവേലിത്തമ്പുരാനെ കാത്ത് അത്തം മുതല്‍ തീര്‍ക്കുന്ന പൂക്കളങ്ങൾ. ഒടുക്കം പൂക്കളവും പൂവിളികളുമായി തൃക്കാക്കരയപ്പനെ വരവേറ്റു കഴിഞ്ഞാല്‍ പിന്നെ ഓണസദ്യയാണ്. കുടുംബമൊന്നിച്ച് തൂശനിലയിട്ട് വിഭവ സമൃദ്ധമായ സദ്യ കഴിക്കും. പിന്നാലെ കൈകൊട്ടിക്കളിയും ഓണപ്പാട്ടുകളും, ഓണത്തല്ലും, വടംവലിയും, ഉറിയടിയുമെല്ലാം ചേർന്ന് ഉത്സവം ആഘോഷിക്കും.

"ഓണം ഒരുമയുടെ ഈണം എന്ന ആശയത്തിൽ ഊന്നിയാണ് ഇക്കൊല്ലത്തെ ഓണാഘോഷം. ഓണം പങ്കുവെക്കുന്ന തുല്യതയുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവർക്കും വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വികസന പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സമൃദ്ധമായി ഓണം ആഘോഷിക്കാൻ കഴിയാത്തവരെ കൂടി ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു പോവുകാനുതകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിജീവന സങ്കൽപ്പംകൂടി പങ്കുവയ്ക്കുന്നതാണ് ഓണത്തിന്റെ ഐതിഹ്യം. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് ഈ ഓണക്കാലവും നമ്മൾ സമൃദ്ധമാക്കുകയാണ്. ഓണം ഉയർത്തുന്ന അതിജീവന സങ്കൽപ്പത്തിന്റെ ഊർജ്ജം ഉൾക്കൊണ്ട് ഇനിയും നമുക്ക് ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. അത് സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഈ ഘട്ടത്തിൽ നമ്മളെത്തന്നെ നമുക്കു പുനരർപ്പിക്കാം. എല്ലാവർക്കും ഓണാശംസകൾ,” കേരള സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഓണസന്ദേശമാണിത്.

കേരളത്തിന്റെ സമുദായ സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തെയാണ് ഓരോ ഓണവും ഉയര്‍ത്തിപ്പിടിക്കുന്നത്. കലുഷിതമായ ഭൗതിക സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഈ ഓണം നമുക്ക് അറിഞ്ഞാഘോഷിക്കാം. ഉള്ളവന്‍ ഇല്ലാത്തവന് കൊടുത്തും, കഷ്ടപ്പെടുന്നവന്റെ ജീവിതത്തെ കഴിയുന്ന രീതിയിൽ സഹായിച്ചും ‘മാനുഷരെല്ലാരും ഒന്നുപോലെ എന്ന വിശ്വമാനവിക സന്ദേശം ഉയര്‍ത്തിപ്പിടിച്ചും നമുക്ക് ഈ ഓണം ആഘോഷിക്കാം. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍.