പാലക്കാട് ഒരു കിലോ ലഹരിമരുന്ന് പിടികൂടി; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

  1. Home
  2. Kerala

പാലക്കാട് ഒരു കിലോ ലഹരിമരുന്ന് പിടികൂടി; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

drug


പാലക്കാട് ഒരു കിലോയോളം ലഹരിമരുന്ന് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടിയത്. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് നിഷി, മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ, കർണാടക സ്വദേശി ബി. ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി എത്തിയ ഒരാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. തമിഴ്‌നാട്ടിൽവെച്ച് തന്നെ സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം പാലക്കാട്ടേക്ക് കടന്നതോടെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്.

തുടർന്ന് ഒലവക്കോട് ജംഗ്ഷനിൽവെച്ച് പൊലീസ് സംഘത്തെ പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. ലഹരിക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.