നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; മുഖ്യപ്രതി അഷ്കറിന് നേരെ നാട്ടുകാരുടെ കയ്യേറ്റം
നെടുമങ്ങാട് ഒന്നര വയസ്സുകാരൻ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അഷ്കറിന് നേരെ നാട്ടുകാരുടെ കയ്യേറ്റം . വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. ഇതോടെ തെളിവെടുപ്പ് പൂർത്തിയാക്കാതെ പൊലീസ് പ്രതിയെ തിരിച്ചുകൊണ്ടുപോയി.
രാവിലെ 11:15 ഓടെ ആണ് പൊലീസ് സംഘം അഷ്കറുമായി കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വലിയ തോതിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. വീടിനകത്തും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവ് നശിപ്പിക്കാനും ശ്രമങ്ങൾ ഉണ്ടായതായി പൊലീസ് പറയുന്നു. ഫോറൻസിക് സംഘം എത്തുന്നതിന് മുൻപ് പ്രതി അഷ്കറിന്റെ അമ്മയും സഹോദരിയും ചേർന്ന് വീട് കഴുകി വൃത്തിയാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.കുഞ്ഞിന്റെ തുണികളും, കത്തുകളും വീട്ടിൽ കത്തിച്ച നിലയിലും കണ്ടെത്തി.
അതേസമയം സംഭവത്തിൽ അഷ്കർ കുറ്റം സമ്മതിച്ചു. കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഭക്ഷണം നൽകിയപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി വൈദ്യപരിശോധന നടക്കും. ഇരുവരെയും കോടതി റിമാൻഡ് ചെയ്തേക്കും. തുടർന്ന് അഖിലയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടപടി പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
