പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
പയ്യന്നൂരിൽ ചികിത്സയ്ക്കിടെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയം ഗുരുതരമാണെന്നും സംഭവത്തില്‍ കര്‍ശന നടപടി സീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അനസ്‌തേഷ്യ ഡോക്ടർ ഒഴികെയുള്ള മറ്റ് ഡോക്ടർമാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പീഡിയാട്രീഷൻ ഡോക്ടർ ആശ, പ്ലാസ്റ്റിക് സർജൻ ഡോക്ടർ ആരതി അന്തർജനം എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. . കേസിൽ നിലവിൽ പ്രതിപ്പട്ടികയിലുള്ളത് അഞ്ജലി മാത്രമാണ്. അന്വേഷണ റിപ്പോർട്ട് പൊലീസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അനസ്‌തേഷ്യ നല്‍കുന്നതിനിടെ കുഞ്ഞ് ബോധരഹിതനാവുകയായിരുന്നു. ചികിത്സയ്ക്കിടെ കുട്ടി വേദനകൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്‌തേഷ്യ നല്‍കാന്‍ തീരുമാനിച്ചത്. അനസ്‌തേഷ്യ നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.
