ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ: കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി
പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയാണ് നടപടി.തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവനാമത്തിൽ നടത്തിയ സത്യപ്രതിജ്ഞകൾ റദ്ദാക്കിയതിന് പിന്നാലെയാണ് ഈ ഉത്തരവും വന്നത്. നാല് ആഴ്ചയ്ക്കുള്ളിൽ വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദേശിച്ചു.ഭരണഘടനാ ചട്ടപ്രകാരം ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്. ദൈവം എന്ന പദത്തിൻറെ വിപുലീകരണം ചട്ടത്തിൽ ഇല്ലെന്നും ഏത് ആചാരം പിന്തുടർന്നാലും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പഞ്ചായത്തംഗം, കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടായിരിക്കില്ല.
