സംസ്ഥാനത്ത് 'ഓപ്പറേഷൻ സ്പാ'; 14 സ്ഥാപനങ്ങൾക്കെതിരെ കേസ്, അഞ്ച് പേർ അറസ്റ്റിൽ
സംസ്ഥാനത്തെ സ്പാകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 14 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ആകെ 821 സ്ഥാപനങ്ങളിൽ 586 സ്പാകളിലാണ് പരിശോധന നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിർദേശപ്രകാരമായിരുന്നു 'ഓപ്പറേഷൻ സ്പാ' എന്ന പേരിലുള്ള പ്രത്യേക പരിശോധന.
ഏറ്റവും കൂടുതൽ നടപടിയുണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. 87 സ്ഥാപനങ്ങളിൽ 70 ഇടങ്ങളിൽ പരിശോധന നടത്തി. നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലയിൽ 78 സ്ഥാപനങ്ങളിൽ 71 ഇടങ്ങളിലും പരിശോധന നടത്തി. തൃശ്ശൂർ സിറ്റിയിൽ 58 സ്ഥാപനങ്ങളിൽ 56 ഇടങ്ങളിലും പാലക്കാട് 71 സ്ഥാപനങ്ങളിൽ 55 ഇടങ്ങളിലും പരിശോധന നടന്നു.
പത്തനംതിട്ടയിലും ആലപ്പുഴയിലും മൂന്ന് കേസുകൾ വീതം രജിസ്റ്റർ ചെയ്തു. എറണാകുളം റൂറലിൽ രണ്ട് കേസുകളും കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തു. ചട്ടങ്ങൾ പാലിക്കാത്ത 44 സ്പാകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി അറിയിച്ചു.
