ഓപ്പറേഷൻ തൂഫാൻ: 40 ലഹരിക്കടത്തുകാരുടെ സ്വത്ത് കണ്ടുകെട്ടും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

  1. Home
  2. Kerala

ഓപ്പറേഷൻ തൂഫാൻ: 40 ലഹരിക്കടത്തുകാരുടെ സ്വത്ത് കണ്ടുകെട്ടും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

toofan


സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി, ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച 40 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ലഹരിക്കടത്തുമായി ബന്ധമുള്ള 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും കേസുകളിൽ ഉൾപ്പെട്ട 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തതായും നോഡൽ ഓഫീസർ ഐ.ജി പുട്ട വിമലാദിത്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓപ്പറേഷൻ ആരംഭിച്ചതിനു ശേഷം 8,125 പരാതികൾ ഫോൺ വഴിയും 5,668 പരാതികൾ വാട്ട്‌സ്ആപ്പ് വഴിയും ലഭിച്ചതായി ഐ.ജി വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും നേരിട്ട് പരാതികൾ ലഭിക്കുന്നുണ്ടെന്നും വൻ ജനകീയ പങ്കാളിത്തമാണ് ഈ ലഹരിവിരുദ്ധ ദൗത്യത്തിന് ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന സംഘങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ നാലു പേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തു പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ ഉടൻ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ 2,500-ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ച് കർശനമായി നിരീക്ഷിച്ചുവരികയാണെന്നും ഇതുവരെ 15,515 പേർ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റിലായിട്ടുണ്ടെന്നും ഐ.ജി അറിയിച്ചു.