ഉത്തരവ് പാലിച്ചില്ല; പാലാരിവട്ടം എസ്.എച്ച്.ഒയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ

  1. Home
  2. Kerala

ഉത്തരവ് പാലിച്ചില്ല; പാലാരിവട്ടം എസ്.എച്ച്.ഒയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ

image


പാലാരിവട്ടം എസ്.എച്ച്.ഒയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ . ഹൈക്കോടതി നിര്‍ദേശിച്ചിട്ടും എസ്എച്ച്ഒ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.അന്‍സിബ ഹസ്സനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയില്ലെന്നാണ് അൻസിബയുടെ പരാതി.

അശ്ലീല പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ ആദ്യം പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുക്കാതിരുന്നതിനെ തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നാലെ അന്‍സിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന് പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അൻസിബയുടെ പരാതി ഗൗരവമുള്ളതാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ നിർദേശം പാലിച്ചില്ലെന്നാണ് എസ്.എച്ച്.ഒയ്ക്കെതിരായ അൻസിബയുടെ പുതിയ ഹർജിയിലെ ആരോപണം.