സംസ്ഥാനത്ത് നടക്കുന്നത് സംഘടിതകൊള്ള; എത്ര കമ്പിനികളിൽ നിന്ന് ഇതുപോലെ പണം വാങ്ങിയിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ

  1. Home
  2. Kerala

സംസ്ഥാനത്ത് നടക്കുന്നത് സംഘടിതകൊള്ള; എത്ര കമ്പിനികളിൽ നിന്ന് ഇതുപോലെ പണം വാങ്ങിയിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ

mathew


സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണ് സംസ്ഥാനത്ത് ഇന്ന് നടക്കുന്നതെന്ന് മാത്യു കുഴൽനാടൻ. തന്റെ പോരാട്ടത്തിന്റെ തുടക്കം ഇതായിരുന്നു. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ മുഖാന്തരം പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചോദിക്കുന്ന ചോദ്യങ്ങൾക്ക് സിപിഎം മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് സിപിഎമ്മിന് പറയാനാകുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
"വീണയുമായും, എക്സാലോജിക് കമ്പനിയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് പ്രശ്നം? നേരിട്ട് ഇത്ര വാങ്ങിയിട്ടുണ്ടെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തത്? മകൾ ഏതൊക്കെ കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സർവീസ് ചെയ്തുവെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാകണം"- മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
"വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിൽക്കുകയാണ്. കുറഞ്ഞത് 1.72 കോടി രൂപ കൈപ്പറ്റിയെന്ന് പറയാനായെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകും"- എംഎൽഎ വ്യക്തമാക്കി.