ഓണക്കാലത്ത് അമിത ചാർജ്ജ് ഈടാക്കുന്നു: അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു

അമിത ചാർജ്ജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അമിത ചാർജ് ഈടാക്കുന്ന ബസ്സുകളെ നിയന്ത്രിക്കും. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടിയും സ്വീകരിക്കും. യാത്രക്കാരെ ബാധിക്കുമെന്ന ആശങ്ക കൊണ്ടാണ് കർശന നടപടി എടുക്കാതിരുന്നത്. എന്നാൽ ഒരു പരിധി കഴിഞ്ഞും ചൂഷണം തുടർന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓണക്കാലമായതോടെ ബംഗളൂരു, ചെന്നൈ റൂട്ടുകളിൽ ഓടുന്ന അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സുകളുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ കൂട്ടിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നിയമമില്ലാത്തതിനാൽ ടൂറിസ്റ്റ് ബസ്സ് ഉടമകൾ ഈ സമയം മുതലെടുക്കുകയാണ്. ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ് ടിക്കറ്റ് നിരക്കിലെ ഈ വർദ്ധനവ്.
ബാംഗ്ലൂർ - ചെന്നൈ റൂട്ടുകളിലെ യാത്രാ പ്രശ്നത്തിൽ റെയിൽവേയുടേത് കുറ്റകരമായ അനാസ്ഥയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഉത്സവകാലങ്ങളിൽ റെയിൽവെ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തുന്നില്ല. ചില ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല. റെയിൽവേ കൃത്യമായി ടിക്കറ്റ് ലഭ്യമാക്കുന്നില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് കത്ത് അയക്കും.
കെഎസ്ആർടിസി സ്വിഫ്റ്റ് ഇടപെടലാണ് യാത്രക്കാർക്ക് ആകെ ആശ്വാസമാകുന്നത്. നാളെ മുതൽ ബംഗളൂരുവിലേക്ക് രണ്ട് ഹൈബ്രിഡ് ബസ്സുകൾ സർവീസ് നടത്തും. ഒരു എസി, ഒരു നോൺ എസി ബസ് ആണ് ഓടിക്കുക. അന്തർ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ സ്വിഫ്റ്റ് ബസുകൾ തുടങ്ങും. ആവശ്യത്തിന് വണ്ടികൾ ഇല്ലെന്നും, കെഎസ്ആർടിസിക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നതിന് പരിമിതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.