പടിയൂർ ഇരട്ടക്കൊലക്കേസ്: പ്രതി പ്രേംകുമാർ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍ പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാണ്ഡിലെ കേദാർനാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.
പടിയൂർ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് മണിയെയും രേഖയെയും മരിച്ച നിലയിൽ കാണ്ടെത്തുന്നത്.
ബുധനാഴ്ച രാത്രി ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രേംകുമാർ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവൾ മരിക്കേണ്ടവൾ എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, 2019-ൽ തന്റെ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രേംകുമാർ പ്രതിയായിരുന്നു. പോലീസ് കുറ്റപത്രം സമയത്തിനകം സമർപ്പിക്കാനാകാതെ വന്നതിനെ തുടർന്ന് ഇയാൾ ജാമ്യത്തിൽ പുറത്തു വന്നിരുന്നു. തന്റെ ആദ്യഭാര്യ അപകടത്തിൽ മരിച്ച് പോയതാണെന്ന് ഇയാൾ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാൾ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല.