പാലത്തായി പീഡനക്കേസ്: പത്മരാജന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ
കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചാണ് ഹൈക്കോടതി പത്മരാജന് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് അപ്പീൽ സമർപ്പിച്ചത്.നേരത്തെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ച ശിക്ഷ ചോദ്യംചെയ്യുന്ന അപ്പീലിനോടൊപ്പം നൽകിയ ഉപഹർജി അനുവദിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ജാമ്യം നൽകിയത്. പെൺകുട്ടിയുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ.
പെൺകുട്ടി താമസിക്കുന്ന ജില്ലയിൽ പ്രവേശിക്കരുതെന്നും സമൂഹമാധ്യമങ്ങളിലടക്കം കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. 2020 ജനുവരി 15 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവിൽ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. പത്മരാജൻ ബിജെപിയുടെ പ്രാദേശിക നേതാവായിരുന്നു.
