പാലത്തായി പീഡനക്കേസ്: പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ അമ്മ സുപ്രീംകോടതിയിൽ
പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചു. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിനൊപ്പം അമ്മയുടെ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധിയിൽ എല്ലാ വശങ്ങളും പരിശോധിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം. തലശ്ശേരി പോക്സോ കോടതിയുടെ ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.
അതിജീവിതയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തലുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രാഥമികമായി പ്രസക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 600ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും ശ്രദ്ധയിൽപ്പെടാതെ സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ പാലത്തായിയിലെ സ്കൂളിൽ പഠിച്ചിരുന്ന പത്തുവയസ്സുകാരിയെ ശുചിമുറിയിൽവെച്ച് മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി പീഡനവിവരം മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടർന്ന് അമ്മ ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും പരാതി നൽകി. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു.
ക്രൈംബ്രാഞ്ച് ഉൾപ്പെടെ നാല് അന്വേഷണസംഘങ്ങൾ കേസ് അന്വേഷിച്ചതിന് ശേഷമാണ് നാലാമത്തെ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ ക്രൈംബ്രാഞ്ച് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയ നടപടി വിവാദമായിരുന്നു. കഴിഞ്ഞ നവംബറിലാണ് വിചാരണക്കോടതി കേസിൽ വിധി പ്രസ്താവിച്ചത്.
