പാലത്തായി പീഡനക്കേസ്: പത്മരാജന് വീണ്ടും സുപ്രീംകോടതി നോട്ടീസ്;
പാലത്തായി പീഡനക്കേസിൽ ഒന്നാം പ്രതി കെ. പത്മരാജന് സുപ്രീംകോടതി വീണ്ടും നോട്ടീസ് അയച്ചു. പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.
കണ്ണൂർ പാലത്തായിയിൽ പത്തുവയസുകാരിയായ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. പത്മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചത്.
എന്നാൽ, വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിക്കുകയും പത്മരാജന് ജാമ്യം അനുവദിക്കുകയും ചെയ്തു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഒരു വർഷവും 11 ദിവസവും മാത്രമാണ് ജയിലിൽ കഴിഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഇപ്പോൾ സുപ്രീംകോടതിയുടെ നടപടി.
