സമാന്തര ആർടി ഓഫിസ്: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കും

  1. Home
  2. Kerala

സമാന്തര ആർടി ഓഫിസ്: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കും

rto


കോഴിക്കോട് ചേവായൂരിലെ ആർ ടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കൺസൾട്ടിംഗ് സ്ഥാപനത്തിൽ നിന്നും സർക്കാർ രേഖകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കും. സസ്‌പെൻഷനിലായ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കെതിരെയാണ് കേസെടുക്കുക. ഈ സ്ഥാപനം വഴി ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി കൈപ്പറ്റിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ചേവായൂരിലെ ആർടി ഓഫീസിനു മുമ്പിലെ സ്വകാര്യ ഓട്ടോ കൺസൾട്ടിംഗ് സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ആർസി ഉടമസ്ഥത മാറ്റുന്നതിനും വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകുന്നതിനുമുള്ള ഫയലുകളുൾപ്പടെ ഓട്ടോ കൺസൾട്ടിംഗ് സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിലെ പല രേഖകളിലും ഒപ്പു വെച്ചിരിക്കുന്നത് അസി.മോട്ടോർ ഇൻസ്‌പെക്ടർമാരായ ഷൈജൻ ,ശങ്കർ,സജിത്ത് എന്നിവരാണെന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുളള അന്വേഷണത്തിൽ കണ്ടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് മൂവരെയും സസ്‌പെൻറ് ചെയ്തത്. 

ഇവരുടെ പങ്ക് സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിജിലൻസ് സംഘം ഡയറക്ടർക്ക് നൽകും. ഇതിനു ശേഷമാകും കേസെടുക്കുക. വാഹന സംബന്ധമായ പല ആവശ്യങ്ങളും വളരെ പെട്ടെന്ന് നടത്തിക്കൊടുക്കുമെന്നതിനാലാണ് വാഹന ഉടമകൾ ഈ സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ചിരുന്നത്. വൻ തുക ഇടപാടുകാരിൽ നിന്നും സേവനനങ്ങൾക്കായി കൈപ്പറ്റിയിരുന്നു.